ആ സംഭവത്തോടെ തകർന്നു പോയ പപ്പ നാട് വിട്ടു. ബാംഗ്ലൂർ മുംബൈ ഒക്കെ അലഞ്ഞു തിരിഞ്ഞ് അദ്ദേഹം ഗൾഫിൽ എത്തിപ്പെട്ടു.
തീർത്തൂം തനിച്ചായ എനിക്ക് പുതിയൊരു പ്രതിയോഗി ഉദയം ചെയ്തു. ഉപ്പാപ്പൻ. പപ്പയുടെ ഇളയ സഹോദരൻ.
Sibling Rivalry എന്നു തന്നെ പറയാം. കാരണം വെറും അഞ്ച് വയസിന്റെ വ്യത്യാസം മാത്രം. ദരിദ്ര കുടുംബത്തിൽ ഭക്ഷണവും സ്നേഹവും ഒക്കെ വളരെ ലിമിറ്റഡ് ആണല്ലോ. ആദ്യ കാലങ്ങളിൽ പപ്പ പണം അയക്കാത്തതിന്റെ രോഷം അവർ എന്നോട് കാണിച്ചു.
"മൂക്ക് മുട്ടെ തിന്നാൻ നിന്റെ തന്ത ഉണ്ടാക്കി വെച്ചിരിക്കുന്നോ?"
"വല്ലോന്ടേം കൊച്ചിന് നമ്മൾ എന്നാത്തിനാ കൊടുക്കേണ്ടത്"
"ചാക്ക സന്തതി"
അങ്ങനെ അധിക്ഷേപങ്ങൾ സ്ഥിരമായി കേട്ട് കരഞ്ഞുറങ്ങുന്ന ദിവസങ്ങൾ. ഒരു മനുഷ്യന്റെ പേരിന് തെറിയുടെ അർഥം കൈ വരുന്ന ദിവസങ്ങൾ. അമ്മയുടെ പേര് - സിസിലി - എന്നെ വിളിക്കുമ്പോൾ ഞാൻ അപമാനം കൊണ്ടും രോഷം കൊണ്ടും പുളഞ്ഞു.
അപമാനം നേരിടാൻ ഞാൻ കണ്ടെത്തിയ വഴി ഫൈറ്റ് ബാക്ക് ആയിരുന്നു. സജിയും ഞാനും തമ്മിൽ സ്ഥിരം അടി തുടങ്ങി. എന്നേക്കാൾ അഞ്ച് വയസും, ഇരട്ടിയോളം കായിക ബലവും ഉള്ള സജി എല്ലാ അടിയിലും എന്നെ തൂക്കി അടിക്കും. പത്ത് എണ്ണം കിട്ടുമ്പോൾ ഞാൻ ഒരെണ്ണം തിരിച്ചു കൊടുക്കും. അപ്പോഴാണ് വല്യമ്മയുടെ എൻട്രി.
"അയ്യോ എന്റെ കൊച്ചിനെ ഈ ചാക്ക അടിച്ചു ഒരു പരുവം ആക്കിയല്ലോ? ഈ മുടിഞ്ഞ ചെറുക്കനെ എവിടെങ്കിലും കൊണ്ട് കളയാൻ ആരുമില്ലല്ലോ?"
അപ്പച്ചൻ മാത്രം ആയിരുന്നു ഒരു ആശ്വാസം. സ്കൂൾ ഇല്ലാത്ത ദിവസങ്ങളിൽ അദ്ദേഹം എന്നെയും കൊണ്ട് പോകും. കൃഷി ചെയ്യുന്ന ഇടത്തും തോട്ടിൽ കുളിക്കാനും റേഷൻ കടയിലും ഒക്കെ.
പണ്ടെങ്ങോ റബറിന് തുരിശ് അടിക്കാൻ കയറി വീണ വീഴ്ചയിൽ അപ്പച്ചന്റെ ഒരു കാലിന് സ്ഥിരമായ വൈകല്യം സംഭവിച്ചിരുന്നു. അത് കൊണ്ട് അദ്ദേഹം കുറച്ച് പതുക്കെയാണ് നടന്നിരുന്നത്. നല്ല മുടന്ത് ഉണ്ടായിരുന്നു.
മലമുകളിൽ ഉള്ള വസ്തുവിലേക്ക് ഏതാണ്ട് 4-5 km മല കയറണം. ഇരു വശത്തും വനം. ഞാൻ അപ്പച്ചന്റെ മുന്നിൽ ഓടും. വഴിയിൽ ഉള്ള മരത്തിൽ ഒക്കെ വലിഞ്ഞു കയറും. തൊണ്ടി പഴം, വെട്ടി പഴം ഒക്കെ പറിച്ചു കഴിക്കും.
കൂപ്പിൽ (മലമുകളിൽ വനത്തിന് അരികിൽ ഉള്ള വസ്തുവിനെ അങ്ങനെ ആണ് ഞങ്ങൾ വിളിക്കുന്നത്) കപ്പ പറിച്ച് വാട്ടുന്ന ദിവസം ഞാനും അപ്പച്ചനും പിന്നെ പണിക്കാരും അവിടെ ടെന്റ് അടിച്ച് രാത്രി മുഴുവൻ കഴിയും.
റേഷൻ കടയിൽ നിന്നും പഞ്ചസാര വാങ്ങിച്ചു വീട്ടിൽ വന്നാൽ ഞാനും അപ്പച്ചനും കൂടി ആണ് അത് തുറന്ന് ഡബ്ബായിൽ ആക്കുന്നത്. ആ സമയത്ത് പഞ്ചസാര പൊതിഞ്ഞു കൊണ്ട് വരുന്ന പേപ്പറിന്റെ മൂല കീറി കോട്ടി അതിൽ പഞ്ചസാര കോരി അപ്പച്ചനും കഴിക്കും, എനിക്കും തരും. വനമേഖലയിലെ മഞ്ഞും കുളിരും ഞാനറിയാഞ്ഞത് ആ നെഞ്ചിലെ നരച്ച രോമങ്ങൾക്കിടയിലെ ചൂട് പറ്റി ഉറങ്ങിയിരുന്നത് കൊണ്ടാണ്. കട്ടിലിന് താഴെ നീറുന്ന നെരിപ്പൊടിന്റെ ചൂട് അപ്പച്ചന്റെ നെഞ്ചിലെ ചൂടിന്റെ അത്രയും വരില്ലായിരുന്നു. കാലത്ത് ഒരു സ്റ്റീൽ ഗ്ലാസിൽ കട്ടൻ കാപ്പിയിൽ പഞ്ചസാര ഇട്ട് 'കിടു കിടു' കേൾപ്പിച്ച് വരുന്ന അപ്പച്ചൻ ആയിരുന്നു എന്റെ അലാറം. അതിനും അപ്പച്ചൻ മറ്റുള്ളവരിൽ നിന്നും പഴി കേട്ടു.
"ഓ കിടു കിടാ അടിപ്പിച്ചു പോകുന്നുണ്ട് മെക്കുഴൂരെ ചാക്കയ്ക്ക് കാപ്പി കൊടുക്കാൻ"
അദ്ദേഹം അത് ചിരിച്ച് തള്ളും.
ആ കൈ പിടിച്ചാണ് ഞാൻ ലോകം കണ്ടത്. മാരാമൺ കൺവെൻഷൻ നടക്കുന്ന മണപ്പുറത്ത് ചുട്ടു പഴുത്ത മണലിൽ ചെരുപ്പ് പോലും ഇല്ലാതെ നടക്കാൻ അപ്പച്ചന്റെ കൈയുടെ ബലം മാത്രം മതിയായിരുന്നു. ബൈബിൾ ചിത്രകഥകൾ വാങ്ങി തന്ന് എന്നെ വായനയുടെ ലോകത്തേക്ക് നടത്തിയതും അദ്ദേഹം ആണ്. മനോരമ മൂക്കിലെ രാമചന്ദ്രൻ നായരുടെ കടയിൽ നിന്നും ബോണ്ടയും വടയും വാങ്ങി തന്ന് വീട്ടിലെ ഭക്ഷണ ദൌർലഭ്യം പരിഹരിച്ചു.
പകരം ബീഡി വാങ്ങി കൊടുത്തും കൃഷിയിൽ സഹായിച്ചും ഞാൻ അപ്പച്ചന്റെ pet ആയി വളർന്നു. മറ്റുള്ളവർ ഒക്കെ തലങ്ങും വിലങ്ങും തല്ലുമ്പോൾ ജീവിതത്തിൽ രണ്ട് പ്രാവശ്യം മാത്രമേ അപ്പച്ചൻ എന്നെ അടിച്ചിട്ടുള്ളൂ. അതും വെട്ടാൻ പാകമായ റബറിൽ കൊടുവാൾ കൊണ്ട് വെട്ടിയതിന്.