Sunday, March 13, 2022

അദ്ധ്യായം 1.

ഇത് എന്റെ കഥയാണ്. എന്റെ മാത്രം. അപ്പോൾ ഞാൻ പറയുന്ന കാര്യങ്ങൾ എന്റെ കാഴ്ചപ്പാടില് മാത്രം ആയിരിക്കും. 

അദ്ധ്യായം 1. 

അഞ്ചാമത്തെ വയസിൽ ആണ് തള്ളികളയലിന്റെ ആദ്യ വേദന അറിയുന്നത്. വാനേത്ത് ദാനിയേൽ അച്ചായന്റെ പുരയിടത്തിന് മുകളിൽ ഉള്ള ഞങ്ങളുടെ വസ്തുവിന്റെ മൂലക്കുള്ള പടുകൂറ്റൻ മൂവാണ്ടൻ മാവിന്റെ ചുവട്ടിൽ കീറിയ നിക്കറും ഒലിക്കുന്ന മൂക്കുമുള്ള ഞാനും എന്റെ കുഞ്ഞനിയൻ ഷൈജുവും കാറ്റത്ത് വീണേക്കാവുന്ന തേൻ മധുരമുള്ള മാങ്ങകൾക്കായി കാത്തു നിൽകുമ്പോൾ അമ്മ അവിടേക്കു വന്നു. എന്താണ് പറഞ്ഞത് എന്ന് ഓർമയില്ല, പോസ്റ്റ് ഓഫീസിലോ മറ്റോ പോകണം എന്നു പറഞ്ഞ് ഷൈജുവിനെ എടുത്തു. എനിക്കൊരു ഉമ്മ തന്നു എന്നാണ് ഓർമ. പക്ഷേ നറുമണം പൊഴിക്കുന്ന മൂവാണ്ടൻ മാങ്ങയുടെ സുഗന്ധത്തിൽ അമ്മയുടെ മണം മാഞ്ഞു പോയി. എന്നെന്നേക്കുമായി. 

അന്ന് വൈകിട്ടത്തെ കോലാഹലങ്ങൾ മനസിലാവാതെ അമ്മയെയും ഷൈജുവിനെയും അന്വേഷിച്ചു നടന്നപ്പോൾ വലിയമ്മ ആണെന്ന് തോന്നുന്നു, വളരെ പരുഷമായി ആ സത്യം അറിയിച്ചത്. 

"നിന്റെ തള്ള പോയി."

അമ്മയ്ക്ക് തുണയായി എന്നും ഉണ്ടാവും എന്നു മനസ് കൊണ്ട് പ്രതിഞ്ജ എടുത്ത മകൻ ആയിരുന്നു ഞാൻ. അമ്മയുടെ വീടിന്റെ മുറ്റത്ത്, വെട്ടിയിട്ട റോസാ കമ്പുകൾ കൊണ്ട് അമ്മയെ അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന പപ്പ യുടെ രൂപം അപ്പോഴേക്കും എന്റെ മനസിൽ ഉറച്ചു കഴിഞ്ഞിരുന്നു. ആ അടികൾ കൊള്ളുന്നതിനിടയിൽ എന്നെ വലിച്ചു ചേർത്ത് ഒരു ഷീൽഡ് ആയി അമ്മ അടികളെ ചെറുക്കുമ്പോൾ, അതിൽ ചില അടികൾ എനിക്കും കൊള്ളുമ്പോൾ ഞാൻ വേദന അറിഞ്ഞില്ല. പകരം അമ്മയ്ക്ക് രക്ഷയാകാൻ കഴിഞ്ഞതിൽ അഭിമാനം കൊണ്ടിരുന്നു. 

ആ അമ്മ എന്നെ തള്ളി അനിയനെ മാത്രം കൊണ്ട് പോയി എന്നറിഞ്ഞപ്പോൾ ആ 5 വയസുകാരൻ തകർന്നു പോയി. പിന്നെ കേട്ട കഥകളിൽ അമ്മ ഏതോ കീഴ്ജാതിക്കാരനൊപ്പം ഒളിച്ചോടി എന്നും വിവാഹത്തിന് മുൻപുള്ള ബന്ധം ആണെന്നും പിന്നെ ആ കൂർത്ത നോട്ടങ്ങൾ വിവാഹം കഴിഞ്ഞ് ഒന്പതാം മാസം തന്നെ പിറന്ന എന്നിലേക്കും വന്നെത്തി തുടങ്ങി. പിന്നീട് ഒരുപാട് കാലം ഒളിഞ്ഞും തെളിഞ്ഞും ആ ആരോപണം എന്നെ തേടി എത്തികൊണ്ടിരുന്നു. 

"ഇവൻ ഞങ്ങടെ ചെറുക്കന്റെ ആണോ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്"

അങ്ങനെ എന്നെ തളർത്താൻ അവർ എനിക്കൊരു പേരുമിട്ടു

"ചാക്ക" (അമ്മ ഒളിച്ചോടി പോയ യുവാവിന്റെ ജാതി പേര്)

ഓടിപ്പോയ അമ്മ ഷൈജുവിനെ അവരുടെ വീട്ടിൽ നിരത്തിയിരുന്നു. ആ അമ്മച്ചി ഈ വിവരം എന്റെ വലിയ അപ്പനെ അറിയിക്കുകയും അദ്ദേഹം അവിടെ പോയി അവനെ തിരിച്ചു കൊണ്ട് വരുകയും ചെയ്തു. അങ്ങനെ അമ്മയില്ലാത്ത രണ്ട് കുഞ്ഞുങ്ങൾ പരസ്പരം സ്നേഹിച്ചും കളിച്ചും ഞങ്ങൾ കഴിഞ്ഞതൊക്കെ മറന്ന് ജീവിക്കാൻ തുടങ്ങി. 


No comments: