ഇടയ്ക്ക് ഒന്ന് പറയട്ടെ, എനിക്ക് ഷൈജുവിനോട് കുറച്ച് അസൂയ ഉണ്ടായിരുന്നു. രണ്ടര വയസിൽ തന്നെ അവനെ എന്നേകാൾ ശരീര വളർച്ചയും സൌന്ദര്യവും ഉണ്ടായിരുന്നത് കൊണ്ട് എല്ലാവർക്കും അവനോട് ആയിരുന്നു കൂടുതൽ അടുപ്പം. അതോടൊപ്പം എന്നേക്കാൾ 5 വയസിനു മൂത്ത പപ്പയുടെ ഇളയ സഹോദരൻ സജിയും ഞങ്ങൾക്കൊപ്പം വളരുന്നുണ്ടായിരുന്നു. സജിയും ഞാനും തമ്മിൽ കടുത്ത മൽസരം ആയിരുന്നു, സ്നേഹത്തിനും ഭക്ഷണത്തിനും, എല്ലാറ്റിനും.
അങ്ങനെ പോകുമ്പോൾ ആണ് രണ്ടാമത്തെ ദുരന്തം എന്നെ തേടി എത്തുന്നത്. ആയിടക്ക് ഷൈജു ഒരു തൂവാല കത്തിച്ച് പ്ലാസ്റ്റിക് വരിഞ്ഞ കട്ടിലിൽ ഇട്ട് കുറച്ച് ഭാഗം ഉരുക്കിയിരുന്നു. ആ സംഭവത്തിൽ അവന് രണ്ട് അടി കിട്ടുകയും ചെയ്തു.
ഒരു ദിവസം വല്ല്യമ്മയും ഷൈജുവും ഞങ്ങളുടെ താഴെ ഉള്ള ഓലി (ചെറിയ കിണർ) യിൽ നിന്നും വെള്ളം എടുക്കാനായി പോവുന്നു. അന്നത്തെ സാമൂഹ്യ വ്യവസ്ഥിതി അനുസരിച്ച് നിക്കറിടാതെ ആണ് ഷൈജുവിന്റെ നടപ്പ്. വീടിന് തൊട്ട് താഴെയുള്ള ഈടിയിൽ (തട്ടായി തിരിച്ചിരിക്കുന്ന ഭൂമി) ഒരു നീല കാപ്പി (ഒരു തരം കാപ്പി മരം) ചുവട്ടിൽ വീണു കിടക്കുന്ന കാപ്പി കുരു പെറുക്കുവാൻ വല്യമ്മ അതിനു ചുവട്ടിലേക്ക് നീങ്ങുന്നു. തൊട്ട് പിന്നാലെ നീങ്ങുന്ന ഷൈജു കാൽ വഴുതി ഒന്ന് ഇരിക്കുന്നു. അടുത്തായി വെട്ടി നിർത്തിയ കുപ്പ മഞ്ഞൾ (ഒരു തരം പാഴ്ചെടി, തണ്ടുകൾ അല്പം ബലമുള്ളതാണ്) കുറ്റി അവന്റെ ചന്തിക്ക് തറച്ച് കയറുന്നു.
പതിവ് കലാ പരിപാടികൾ അരങ്ങേറുന്നു. പച്ച മരുന്നുകൾ അരച്ച് മുറിവിൽ പുരട്ടി, കുറച്ച് നേരത്തിന് ശേഷം അവൻ ഓക്കെ ആവുന്നു.
രണ്ടാം ദിവസം പനി കൊള്ളുമ്പോഴും നാടൻ മരുന്നുകൾ കൊണ്ട് പനി കുറയ്ക്കാൻ എല്ലാവരും ശ്രമിക്കുന്നു. മൂന്നാം ദിവസം പനി കൂടി കണ്ണുകൾ മറിയുന്ന അവസ്ഥയിൽ അവനെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും എല്ലാം കൈ വിട്ടു പോയിരുന്നു. സെപ്റ്റിക് ഷോക് അവന്റെ ശരീരം നീലയാക്കി തുടങ്ങിയിരുന്നു. ആശുപത്രികാർ അവനെ മെഡികൽ കോളേജ് ലേക്ക് അയച്ചു. പക്ഷേ പാതി ദൂരം എത്തും മുന്പ് തന്നെ അവൻ മാലാഖമാരുടെ അരികിലേക്ക് പോയി. ഇനിയുള്ള ദൂരം മുഴുവൻ ഒറ്റയ്ക്ക് ഓടാൻ എന്നെ ഏല്പിച്ച്, ഇനിയുള്ള അവഗണനകൾ മുഴുവൻ ഒറ്റയ്ക്ക് നേരിടാൻ എന്നെ തനിച്ചാക്കി അവൻ പോയി.
മരണം എന്താണെന്ന് പോലും അറിയാത്ത ഞാൻ അവന്റെ ബോഡി വെച്ചിരുന്ന കട്ടിലിൽ അവനൊപ്പം കയറി കിടന്നു. അവൻ കത്തിച്ച അതേ കട്ടിലിൽ. തലയ്ക്കൽ കത്തി നിൽകുന്ന മെഴുകുതിരികൾ എന്നെ അലോസരപ്പെടുത്തിയില്ല. കിടക്കാൻ സ്ഥലം തികയാത്തത് കൊണ്ട് ഞാൻ അവനെ ചെറുതായി തള്ളി നീക്കാൻ ശ്രമിച്ചു.
"എടാ, ഇച്ചിര നീങ്ങി കിടക്ക്. എനിക്കും കിടക്കണ്ടേ?"
ഏതോ ഒരു അപ്പച്ചൻ എന്നെ മെല്ലെ എഴുന്നേല്പിച്ച് അവിടെ നിന്നും പറഞ്ഞയച്ചു.
"മോൻ അപ്പുറത്ത് എവിടെയെങ്കിലും പോയി കിടക്ക്. കുഞ്ഞ് മരിച്ചു പോയതാ, അവൻ ഇനി ഉണരില്ല"
എല്ലാം മനസിലായത് പോലെ ഞാൻ തലയാട്ടി. പിന്നേ ഉണരില്ല പോലും. നാളെ അവന്റെ പനി മാറിയിട്ട് വേണം ഞങ്ങൾക്ക് കളിക്കാൻ.
പക്ഷേ പിറ്റേന്നും ആൾകൂട്ടം ഒഴിഞ്ഞില്ല. പകരം ഒരു പന്തൽ ഉയർന്നു. കുഞ്ഞ് ശവപ്പെട്ടി വരുന്നു. പള്ളീൽ അച്ചൻ വരുന്നു. അവന്റെ ശവമടക്കിൽ ഏറ്റവും ഉച്ചത്തിൽ പാട്ട് പാടിയത് ഞാൻ ആയിരിക്കും. പള്ളിയിലും പ്രാർഥനയിലും ഞാൻ അങ്ങനെ ആയിരുന്നല്ലോ.
അന്ന് ആണ് ഞാൻ അവസാനമായി അമ്മയെ കാണുന്നത്. മരണ വിവരം അറിഞ്ഞെത്തിയ അമ്മയെ വെട്ടാൻ കത്തിയുമായി കുതിക്കുന്ന പപ്പയെ പിടിച്ചു നിർത്താൻ പാടുപെടുന്ന നാട്ടുകാർക്ക് ഇടയിലൂടെ ഭയവിഹ്വലയായി അവനെ ഒരു നോക്ക് കാണാൻ കേഴുന്ന അമ്മയെ ആരൊക്കെയോ വലിച്ചു കൊണ്ട് പോകുന്ന അവസാന കാഴ്ച.
അന്ന് രണ്ട് ശവമടക്ക് ആണ് നടന്നത്. ഷൈജുവിന്റെയും പിന്നെ എന്റെ മനസിൽ അമ്മയുടെയും.
No comments:
Post a Comment